വലിയ ചിത്രങ്ങൾക്കിടയിൽ ഈ കൊച്ചു മലയാള ചിത്രത്തിനും ഒരിടം കിട്ടുമോ; പൃഥ്വിരാജിനോട് അഭ്യർഥനയുമായി അവിയൽ ടീം

ഏപ്രിൽ ആദ്യ വാരം എത്തിയ ഒരു ചിത്രം ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയാണ്. ഈ കഴിഞ്ഞ ഏപ്രിൽ ഏഴിന് റിലീസ് ചെയ്ത അവിയൽ എന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം വളരെ മനോഹരമായി പ്രണയവും സംഗീതവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രമാണ്. എന്നാൽ ഇപ്പോൾ കേരളത്തിലെ ഭൂരിഭാഗം സ്ക്രീനുകളിലും വിജയ് നായകനായ ബീസ്റ്റ്, യാഷ് നായകനായ കെ ജി എഫ് 2 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തതോടെ മലയാള സിനിമകൾ എടുത്തു മാറ്റപ്പെടുകയാണ്. ഈ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്ത പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോട് അഭ്യര്ഥനയുമായി എത്തുകയാണ് അവിയൽ ടീം. വലിയ ചിത്രങ്ങളുടെ ഇടയിൽ ഈ കൊച്ചു ചിത്രത്തിനും കുറച്ചു സ്ക്രീനുകൾ നൽകണം എന്നതാണ് അവരുടെ അഭ്യർത്ഥന. ഷാനിൽ മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്നുണ്ട് എന്നാണ് തീയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.

പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അനശ്വര രാജൻ, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നൊരുക്കിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ അവിയൽ എഡിറ്റ് ചെയ്തിരിക്കുന്നത് റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവർ ചേർന്നാണ്.

RELATED ARTICLES

Most Popular